പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ

പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അഫ്ഗാനിസ്ഥാൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ആക്രമണത്തിന് പാകിസ്ഥാന് തക്ക മറുപടി നൽകുമെന്ന് അഫ്ഗാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.

അഫ്‌ഗാന്റെ കിഴക്കൻ പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒരു മതപഠനശാലയും പാർപ്പിട വീടുകളും ഉൾപ്പെടെ നിരവധി സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ആരോപിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സാധാരണക്കാരെയും മതകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട ആക്രമണങ്ങൾക്ക് പാകിസ്ഥാൻ സൈന്യം ഉത്തരവാദികളാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ നടപടിക്ക് “അളന്നതും ഉചിതവുമായ മറുപടി” നൽകുമെന്നും അഫ്ഗാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ഇതിനിടെ, അടുത്തിടെ പാകിസ്ഥാനിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാൻ വിശദീകരിച്ചു. ഷിയാ ആരാധനാലയത്തിൽ നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ഉത്തരവാദിത്തം Islamic State – Khorasan Province ഏറ്റെടുത്തിരുന്നു.

പാകിസ്ഥാൻ വിവരമന്ത്രാലയം പറയുന്നത് അറിയിച്ചതനുസരിച്ച്, പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ താലിബാനും അനുബന്ധ സംഘടനകളും ഐഎസ്‌കെപിയും ഉപയോഗിക്കുന്ന ഏഴ് തീവ്രവാദ ക്യാമ്പുകളെയാണ് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ കുറഞ്ഞത് 70 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ ഈ അവകാശവാദം അഫ്ഗാൻ താലിബാൻ തള്ളിക്കളഞ്ഞു.

മറുപടി രേഖപ്പെടുത്തുക