ബേപ്പൂരില്‍ മത്സരിക്കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യത്തിന് യു.ഡി.എഫ് പച്ചക്കൊടി കാട്ടിയതോടെ രാഷ്ട്രീയ രംഗം സജീവമായി. സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ‘ജയന്റ് കില്ലര്‍’ ആയി മുന്‍ നിലമ്പൂര്‍ എം.എല്‍.എ അന്‍വര്‍ ഇറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും ബേപ്പൂരില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങളിലാണ് അന്‍വര്‍. മതമേലധ്യക്ഷന്മാരെയും പൗരപ്രമുഖരെയും നേരില്‍ കണ്ടു പിന്തുണ തേടുന്ന അന്‍വറിന്റെ നീക്കങ്ങള്‍ ശക്തമാണ്. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ രംഗത്തെത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
യു.ഡി.എഫ് അംഗത്വം ലഭിച്ചാല്‍ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാമെന്ന് പി.വി. അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ നെടുംകോട്ടകളിലൊന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയായാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായി ഈ മണ്ഡലം മാറുമെന്നാണ് വിലയിരുത്തല്‍. ശക്തമായ മത്സരം സൃഷ്ടിക്കാനുള്ള തന്ത്രത്തിലാണ് യു.ഡി.എഫും.
അതേസമയം, ബേപ്പൂരില്‍ പി.വി. അന്‍വറിന് വിജയസാധ്യതയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലുവിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലും അന്‍വറിന് അനുകൂല സാഹചര്യമില്ലെന്നാണ് സൂചന. എന്നിരുന്നാലും ബേപ്പൂര്‍ സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ് അന്‍വര്‍. ബേപ്പൂര്‍ ഉള്‍പ്പെടെ മൂന്നു സീറ്റുകളാണ് അദ്ദേഹം യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും യു.ഡി.എഫിന്റെ അനുകൂല നിലപാട് ലഭിച്ചതോടെയാണ് അന്‍വര്‍ മണ്ഡലത്തില്‍ സജീവമായതെന്നാണ് വിവരം.
കോണ്‍ഗ്രസ് കോട്ടയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയതാണ് അന്‍വറിന്റെ രാഷ്ട്രീയ ഉയര്‍ച്ച. തുടര്‍ച്ചയായി രണ്ടാം തവണയും എല്‍.ഡി.എഫ് സ്വതന്ത്രനായി ജയിച്ചതോടെ നിലമ്പൂര്‍ ചുവന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് നാടകീയമായി സര്‍ക്കാരിനെതിരെ തിരിഞ്ഞ അന്‍വര്‍ പൊലീസിനെയും മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയുംതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന ആരോപണവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്‍വര്‍ ഉന്നയിച്ചു.
‘പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയാണ് തന്റെ പോരാട്ടം’ എന്ന പ്രഖ്യാപനത്തോടെ എം.എല്‍.എ സ്ഥാനം രാജിവച്ച അന്‍വര്‍ പിന്നീട് ഡി.എം.കെയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കുമുള്ള നീക്കങ്ങള്‍ നടത്തി. തുടര്‍ന്ന് യു.ഡി.എഫില്‍ പ്രവേശനം തേടി കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ സമീപിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ കാരണം ആദ്യഘട്ടത്തില്‍ പ്രവേശനം തടസ്സപ്പെട്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അന്‍വറിന് യു.ഡി.എഫില്‍ അസോസിയേറ്റ് അംഗത്വം ലഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടകളില്‍ ഉണ്ടായ വിള്ളലുകളാണ് ബേപ്പൂരില്‍ വിജയ പ്രതീക്ഷ നല്‍കുന്നതെന്ന് അന്‍വര്‍ വിശ്വസിക്കുന്നു. ബേപ്പൂര്‍ സീറ്റ് ലഭിച്ചാല്‍ ജയിക്കാനുള്ള വഴി തനിക്ക് വ്യക്തമായറിയാമെന്ന ആത്മവിശ്വാസത്തോടെയാണ് അന്‍വര്‍ രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നത്.
