രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ സൈബര്‍ ആക്രമണം: രാഹുല്‍ ഗാന്ധിയോട് ഇടപെടല്‍ തേടി അതിജീവിത

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെനി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വഭാവഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ ആരോപണം.

പരാതിയുടെ പകര്‍പ്പ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ ആക്രമണമാണ് നേരിടുന്നതെന്ന് യുവതി പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലും അദ്ദേഹത്തിന്റെ സംഘവും വ്യക്തിവിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ ആക്രമണങ്ങള്‍ കാരണം ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെനി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവുമാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും, സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. തളര്‍ത്താനും നിശബ്ദരാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും യുവതി ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടണമെന്ന് യുവതി പരാതിയില്‍ അഭ്യര്‍ഥിക്കുന്നു.

മറുപടി രേഖപ്പെടുത്തുക