ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും ഒരേ പാതയിൽ സഞ്ചരിച്ച ചിന്തകരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധി- ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയും ശ്രീനാരായണഗുരുവും മുന്നോട്ടുവെച്ച ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ ആദർശങ്ങളും നയങ്ങളും ആഴത്തിൽ മനസ്സിലാക്കുകയും സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കേവലം പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്തം പൂർണമാകുന്നില്ലെന്നും, അവരുടെ തത്വങ്ങൾ ക്രിയാത്മകമായി പൊതുസമൂഹത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിംസയ്ക്കും വിദ്വേഷത്തിനും വിഭാഗീയതയ്ക്കും എതിരെ നിലകൊണ്ട അവരുടെ ദർശനങ്ങൾ എക്കാലവും പ്രചോദനമായി നിലനിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കെപിസിസി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ശിവഗിരി മഠം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് ആഘോഷങ്ങൾ നടന്നത്. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെസി വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി. സർവമത സമ്മേളന സന്ദേശം സ്വാമി സച്ചിദാനന്ദ നൽകും. ശ്രീനാരായണഗുരുവിന്റെ പരിനിർവാണ സന്ദേശം ശുഭാംഗാനന്ദ സ്വാമി നൽകും. കോൺഗ്രസ് ദേശീയ-സംസ്ഥാന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
