കമൽ ഹാസൻ രാജ്യസഭയിൽ ചോദിച്ച ആദ്യ ചോദ്യം

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭാംഗമായി സഭയിൽ ഉന്നയിച്ച ആദ്യ ചോദ്യം സാധാരണക്കാരുടെ ചെലവിനെയും വാഹന ഉപയോഗത്തെയും നേരിട്ട് ബാധിക്കുന്ന വിഷയത്തെക്കുറിച്ചായിരുന്നു. രാജ്യസഭയിൽ എംപിയായെത്തിയ ശേഷം കമൽ ഹാസൻ ഉന്നയിച്ച ആദ്യ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം മറുപടി നൽകി.

പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്റെ നയം വാഹനങ്ങളെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു കമൽ ഹാസൻ ഉയർത്തിയ പ്രധാന ആശങ്ക. വാഹന ഉടമകൾക്കിടയിൽ നിലനിൽക്കുന്ന പ്രായോഗിക സംശയങ്ങളാണ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്.

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന E20 ഇന്ധനം എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുമോ, ഇത് വാഹനത്തിന്റെ മൈലേജിനെ ബാധിക്കുമോ, ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ടോ, പഴയ വാഹനങ്ങൾക്ക് അനുയോജ്യമായ 10 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വീണ്ടും ലഭ്യമാക്കാൻ പദ്ധതിയുണ്ടോയെന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ഇതിന് മറുപടിയായി നിതിൻ ഗഡ്കരി, എഥനോൾ ഇന്ധന നയം വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിൽ E20 ഇന്ധനം വാഹനങ്ങൾക്ക് ഹാനികരമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മൈലേജിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഡ്രൈവിംഗ് ശൈലിയുടെയും വാഹനത്തിന്റെ പരിപാലനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങൾക്കും ഈ ഇന്ധനം ദോഷകരമാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക