കെസി വേണുഗോപാലിന്റെ 63-ാം ജന്മദിനവും പൊതുജീവിതത്തിലെ അമ്പതാം വാർഷികവും രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി. ജന്മദിനത്തോടൊപ്പം അരനൂറ്റാണ്ട് നീളുന്ന രാഷ്ട്രീയ യാത്ര പൂർത്തിയാക്കിയ നേതാവിന് സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ആശംസാപ്രവാഹം നിറഞ്ഞുകവിഞ്ഞു. പാർലമെന്റ് മന്ദിരത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനകളും നേതാക്കളും കെസി വേണുഗോപാലിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. കേരളമുൾപ്പെടെ സംസ്ഥാനത്തുടനീളം പായസം വിതരണവും മധുരപലഹാര വിതരണവും നടന്നു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുകയായിരുന്നു കോൺഗ്രസ് നേതൃത്വം. ആശുപത്രികൾ, വയോജന പരിചരണ കേന്ദ്രങ്ങൾ, അനാഥമന്ദിരങ്ങൾ, തെരുവുകൾ എന്നിവിടങ്ങളിൽ ഭക്ഷണവും മധുരവും വിതരണം ചെയ്തു. എല്ലാ ജില്ലകളിലും സൗജന്യ ഭക്ഷണവും മരുന്ന് വിതരണവും സംഘടിപ്പിച്ചു.
കേരളത്തിൽ കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ കേരളത്തിന്റെ ചുമതലയുള്ള സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, ദീപാ ദാസ് മുൻഷി എന്നിവർ പങ്കെടുത്തു. യാതൊരു നിർദേശമോ ഔദ്യോഗിക ആഹ്വാനമോ ഇല്ലാതെയാണ് പ്രവർത്തകർ സ്വമേധയാ ജന്മദിനാഘോഷങ്ങൾ ഏറ്റെടുത്തത്.
പ്രവർത്തകരിലും നേതാക്കളിലും കെസി വേണുഗോപാലിനുള്ള വലിയ സ്വീകാര്യതയുടെ തെളിവായി ഈ ആഘോഷങ്ങൾ മാറി. കണ്ണൂരിലെ പയ്യന്നൂർ കണ്ടോന്താർ ഗ്രാമത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലെ നിർണായക സ്ഥാനത്തേക്ക് ഉയർന്ന, നാട്യങ്ങളോ ചമയങ്ങളോ ഇല്ലാത്ത ഒരു നേതാവിനോടുള്ള പ്രവർത്തകരുടെ സ്നേഹവും ആദരവുമാണ് ജന്മദിനത്തിൽ പ്രകടമായത്. അമ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഗാന്ധിയൻ ആശയങ്ങളോടും മതേതര–ജനാധിപത്യ മൂല്യങ്ങളോടും വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാൻ കഴിഞ്ഞതിന്റെ അടയാളം കൂടിയായിരുന്നു ഈ അംഗീകാരം.
സാധാരണ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച്, സാധാരണക്കാരുടെ ജീവിതവും വേദനയും അടുത്തറിഞ്ഞ് അവരുടെ പ്രതിനിധിയായി ഉയർന്ന നേതാവാണ് കെസി വേണുഗോപാൽ. സ്തുതിഗായകരെ ഒഴിവാക്കി, അപ്രിയ സത്യങ്ങൾ തുറന്നുപറയാനും ദുരിതങ്ങളുമായി എത്തുന്നവരെ കേൾക്കാനും മടിക്കാത്ത നിലപാടാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. വർഗീയതയോട് ഒരിക്കലും സമരസപ്പെടാത്തതും, അഹങ്കാരമല്ല നേതൃത്വം നയിക്കേണ്ടതെന്ന ബോധ്യവും അദ്ദേഹം തന്റെ ജീവിതംകൊണ്ട് തെളിയിച്ചിട്ടുണ്ട്.
ക്യാമറയ്ക്കുമുന്നിലും പിന്നിലും അഭിനയിക്കാത്തതുകൊണ്ട് ചിലർക്കു പരുക്കനായ നേതാവായി തോന്നാമെങ്കിലും, അടുത്തറിയുന്നവർക്ക് വറ്റാത്ത സ്നേഹത്തിന്റെയും കരുണയുടെയും ഉറവയാണ് കെസി വേണുഗോപാൽ. ഇതുവരെ ഏറ്റെടുത്ത എല്ലാ പദവികളിലും കാഴ്ചവെച്ച സംഘടനാ മികവും ഭരണപരമായ കഴിവും കേരളത്തിലും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കപ്പെടണമെന്ന അഭിപ്രായവും ഈ വേളയിൽ ശക്തമാകുകയാണ്.
