മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പുള്ള നടപടിയുടെ ഭാഗമായിരുന്നു ചോദ്യം ചെയ്യൽ.
കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്ന് അന്വേഷണം നയിച്ചിരുന്ന എസ്.പി എസ്. ശശിധരൻ തന്നെ തുടർന്നും കേസ് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളിയടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.
2016ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം ആരംഭിച്ചത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് മൈക്രോ ഫിനാൻസ് പദ്ധതിക്കായി കോടിക്കണക്കിന് രൂപ വായ്പയെടുത്ത് വിവിധ എസ്എൻഡിപി ശാഖകൾ വഴി വിതരണം ചെയ്തുവെന്നാണ് ആരോപണം. എന്നാൽ ഈ തുക യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
