ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ രൂക്ഷമായ പ്രതികരണം നടത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഓരോ ദിവസം കഴിയുന്തോറും ഈ അഴിമതിയുടെ വ്യാപ്തി വര്‍ധിച്ചു വരികയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പങ്ക് വ്യക്തമാക്കുന്നതാണ് എസ് ഐടിയുടെ റിപ്പോര്‍ട്ട്. എന്നിട്ടും അദ്ദേഹത്തിനെതിരെ സിപിഎം നടപടിയെടുക്കുന്നില്ല. ഇനിയും പല ഉന്നതരും പുറത്തുവരാനുള്ളതിനാല്‍ സിപിഎം പത്മകുമാറിനെ ന്യായീകരിക്കുകയാണ്. ഇത് അങ്ങേയറ്റം അപഹാസ്യമാണ്. ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും അവര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് വേളയില്‍ അറസ്റ്റിലേക്ക് പോകാതിരുന്നത് അതിന് തെളിവ്. അതിനാല്‍ കോടതി നിരീക്ഷണത്തില്‍ മറ്റൊരു ഏജന്‍സി ഈ കേസ് അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
മുന്നണി ചര്‍ച്ചകള്‍ക്ക് യുഡിഎഫ് തുടക്കം കുറിക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണം പാര്‍ട്ടി സംവിധാനം അനുസരിച്ച് നടത്തും. പൊതുസമൂഹത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തുന്നത് ഗുണകരമല്ല. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടികളുണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
