അമേരിക്ക–ഇറാൻ രണ്ടാംഘട്ട ചർച്ചകൾ സമാപിച്ചു; നിർണായക വിഷയങ്ങളിൽ സമവായമില്ല

ഒമാനിൽ നടന്ന അമേരിക്ക–ഇറാൻ പ്രതിനിധികളുടെ രണ്ടാംഘട്ട പരോക്ഷ ചർച്ചകൾ അവസാനിച്ചതായി ഇറാൻ അറിയിച്ചു. ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥത്തിലാണ് ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പശ്ചിമേഷ്യയിൽ യുദ്ധസാധ്യത ഒഴിവാക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.

ഇരുരാജ്യങ്ങളുടെയും നിലപാടുകൾ ഒമാൻ വിദേശകാര്യമന്ത്രി മുഖേന കൈമാറി. അമേരിക്കൻ പ്രതിനിധിസംഘത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്‌നറും നേതൃത്വം നൽകി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവും ചർച്ചയിൽ പങ്കെടുത്തു. ആദ്യ രണ്ട് ഘട്ട ചർച്ചകൾക്ക് ശേഷം ശുഭപ്രതീക്ഷയുണ്ടെന്ന് ഇറാൻ വ്യക്തമാക്കി.

എന്നാൽ നിർണായക വിഷയങ്ങളിൽ ഇതുവരെ സമവായത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആണവ വിഷയത്തിന് പുറമേ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി, തീവ്രവാദ സംഘടനകൾക്ക് നൽകുന്ന പിന്തുണ, ആഭ്യന്തര പ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇറാൻ അതിന് വിയോജിച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന അമേരിക്കൻ ആവശ്യത്തോടും ഇറാൻ എതിർപ്പ് രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക