തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപ വീതം എത്തി. തമിഴ്നാട് സർക്കാർ നടപ്പിലാക്കുന്ന ‘കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്സ് സ്കീം’ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്കാണ് തുക ലഭിച്ചത്. പ്രതിമാസം 1000 രൂപ നല്കുന്ന പദ്ധതിയാണിത്.
സംസ്ഥാനത്തെ 1.31 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലാണ് തുക ക്രെഡിറ്റ് ചെയ്തത്. ഫെബ്രുവരി മാസത്തോടൊപ്പം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേയും തുക മുന്‍കൂര്‍ ആയി നല്കി. കൂടാതെ വേനല്‍ക്കാല സഹായമായി പ്രത്യേക പാക്കേജായി 2000 രൂപയും ഉള്‍പ്പെടുത്തിയതാണ് ആകെ തുക 5000 രൂപയായത്.
ചിലര്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ആനുകൂല്യം തടയാന്‍ ശ്രമിക്കുന്നതായും, അതിനുമുന്‍പ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇത് ‘സ്റ്റാലിന്റെ സഹോദരിമാര്‍ക്ക്’ നല്കിയ ഉറപ്പാണെന്നും, ആരെങ്കിലും തടയാന്‍ ശ്രമിച്ചാലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്രാവിഡ മുന്നേറ്റ കഴകം വീണ്ടും അധികാരത്തിലെത്തിയാല്‍ നിലവിലെ 1000 രൂപ പ്രതിമാസ ധനസഹായം 2000 രൂപയായി ഉയര്‍ത്തുമെന്നും സ്റ്റാലിന് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ 1.31 കോടി സ്ത്രീകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇത് വെറും ധനസഹായമല്ല, സ്ത്രീകള്‍ സമൂഹത്തിന് നല്കുന്ന സംഭാവനകളുടെ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ഒരു വിഭാഗവും തമിഴ്നാട്ടിലെ അവരുടെ അനുയായികളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഈ തുക ലഭിക്കാതിരിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വിവരം ലഭിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
