2016ൽ തകർച്ചയുടെ അവസ്ഥയിലായിരുന്ന കേരളത്തിലെ ആരോഗ്യ മേഖലയെ കഴിഞ്ഞ പത്ത് വർഷംകൊണ്ട് സർക്കാർ വലിയ പുരോഗതിയിലേക്ക് നയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
2016ന് മുമ്പ് സംസ്ഥാനത്ത് വെറും 12 ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 120 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളുള്ള സംസ്ഥാനമായി കേരളം മാറിയതായും, ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ നടത്തി രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞതായും അവർ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് പ്രഖ്യാപിച്ച പല പദ്ധതികളും കടലാസിലൊതുങ്ങിയപ്പോൾ, എൽഡിഎഫ് സർക്കാർ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. മുൻകാലങ്ങളിൽ മരുന്നുകളുടെയും ഡോക്ടർമാരുടെയും ലാബ് സൗകര്യങ്ങളുടെയും അഭാവം നേരിട്ടിരുന്ന സർക്കാർ ആശുപത്രികൾ ഇന്ന് കാത്ത് ലാബ് അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളാൽ സജ്ജമാണെന്നും അവർ വ്യക്തമാക്കി.
പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും പുതിയ ആശുപത്രി കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഈ മാറ്റങ്ങളുടെ വ്യക്തമായ തെളിവാണെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ചികിത്സാ രംഗത്തും ഇതുവരെ കാണാത്ത തോതിലുള്ള മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതിലൂടെ സാധാരണക്കാർക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ആരോഗ്യ മാതൃക അഭിമാനകരമാണെന്നും, ഈ നേട്ടങ്ങൾ പ്രതിപക്ഷ എംഎൽഎമാർ തന്നെ പലവട്ടം അംഗീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
