കേന്ദ്രത്തിൽ ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ കോൺഗ്രസ് ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന ജനകീയ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായി വൻജനാവലി ഒത്തുകൂടി.
കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, എഐസിസിയിലെ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും മഹാറാലിയിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ ബിജെപി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയുംതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർത്തിയത്.
വോട്ട് കവർച്ചയിലൂടെ ബിജെപി രാജ്യത്ത് ഗുണ്ടായിസം നടപ്പാക്കുകയാണെന്നും, ജനങ്ങൾ ഒറ്റക്കെട്ടായി അവരെ ഭരണത്തിൽ നിന്ന് താഴെയിറക്കണമെന്നും മല്ലികാർജുൻ ഖാർഖെ പറഞ്ഞു. ആർഎസ്എസ് പിന്തുണയുള്ള സർക്കാരിനെ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു. ലോകം സത്യത്തേക്കാൾ അധികാരത്തിനെയാണ് പിന്തുടരുന്നതെന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പരാമർശം ചൂണ്ടിക്കാട്ടിയ രാഹുൽ, സത്യവും അഹിംസയും ആയുധമാക്കി മോദിയെയും അമിത് ഷായെയും അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് ആഞ്ഞടിച്ചു.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട വിഷയം രാഹുൽ ഗാന്ധി പാർലമെൻ്റിൽ ഉന്നയിച്ചപ്പോഴും, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വഴി വോട്ടുകൾ മോഷ്ടിക്കപ്പെടുന്നുവെന്ന വിഷയത്തിൽ ചർച്ച വേണമെന്ന് ഖാർഖെ ആവശ്യപ്പെട്ടപ്പോഴും ബിജെപി സർക്കാർ ഭയപ്പെട്ടുവെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ആ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ലെന്നും, പാർലമെൻ്റിലെ ഒരു സെഷനിൽ സാധാരണയായി ഒന്നോ രണ്ടോ ചർച്ചകൾ മാത്രമേ നടക്കാറുള്ളുവെന്നും അവർ പറഞ്ഞു. വോട്ട് ചോരിയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ‘വന്ദേമാതരം’ ചർച്ച ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പറഞ്ഞതെന്നും പ്രിയങ്ക വിമർശിച്ചു.
