വരാനിരിക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കർശന നിലപാടുമായി കെസി വേണുഗോപാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ മറ്റ് പദവികളിലേക്ക് പരിഗണിക്കില്ലെന്നതാണ് ഹൈക്കമാൻഡിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം. തിരുവനന്തപുരത്ത് നടന്ന പ്രചാരണ സമിതി യോഗത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
സീറ്റിനായി അനാവശ്യ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അർഹതയുണ്ടായിട്ടും മാറിനിന്നവർക്ക് ഇത്തവണ അവസരം നൽകുമെന്നും, എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരക്കാരെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ സച്ചിൻ പൈലറ്റ് അടക്കമുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ ഉടൻ പൂർത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം.
ഭവന സന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾക്കും തുടക്കം കുറിക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം സ്ഥാനാർത്ഥി പട്ടികയോടൊപ്പം പ്രഖ്യാപിക്കാനിടയുണ്ട്. സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുന്നതോടെ, ബെന്നി ബെഹനാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ ഉള്ളത്.
