സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. മതസൗഹാർദ്ദം തകർത്തു വോട്ട് നേടാനാണ് വിഡി സതീശൻ ശ്രമിക്കുന്നതെന്നും കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്നും മന്ത്രി ആരോപിച്ചു. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ വിവാദം സൃഷ്ടിക്കേണ്ടതില്ലെന്നും, പ്രായമായ ഒരാൾ കാറിൽ കയറുമ്പോൾ മുഖ്യമന്ത്രി ഇറക്കി വിടണമെന്നാണോ പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും മന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവിന്റെ വിദ്വേഷപരമായ പരാമർശങ്ങൾ കേരളം തള്ളിക്കളയണമെന്നും, ആരും ഉന്നയിക്കാത്ത മതസ്പർധയാണ് വിഡി സതീശൻ ഉയർത്തുന്നതെന്നും മന്ത്രി പറഞ്ഞു. കാറിൽ കയറ്റിയ കാര്യം വെള്ളാപ്പള്ളി നടേശനെക്കുറിച്ചാണെന്നത് വ്യക്തമായിരിക്കെ, അത് തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിഡി സതീശന്റെ പ്രസ്താവന കയ്യടി നേടാനുള്ള തരംതാണവും മ്ലേച്ഛവുമായതാണെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്ന് ആവർത്തിച്ച മന്ത്രി, ഒരു വശത്ത് ആർഎസ്എസും മറുവശത്ത് മുസ്ലീം ലീഗും വർഗീയത പടർത്തുന്നുവെന്നും ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് സമുദായ സംഘടനകൾ ഒന്നിക്കുന്നതെന്നും, ഇത് സിപിഐഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ നേതാക്കൾ ബോധമുള്ളവരാണെന്നും, ഏത് സമയത്ത് എങ്ങനെ ഇടപെടണമെന്ന് അവർക്കറിയാമെന്നും വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും അതിന് ഉദാഹരണമാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
