തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും, തൃശൂരിനോട് മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ സെൻട്രൽ ഫോറൻസിക് ലാബ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്നും, അതിന് പകരമായി തൃശൂരിൽ 25 ഏക്കർ വിസ്തീർണമുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വികസനം ഉറപ്പാക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിച്ച സംസ്ഥാനങ്ങളെ ജനങ്ങൾ വിലയിരുത്തണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പാലക്കാടോ ശബരിമലയോ സംബന്ധിച്ച വിഷയങ്ങൾ , അതെല്ലാം ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തിലകം അണിയും എന്ന് പറഞ്ഞത് പോലെ തന്നെ കാര്യങ്ങൾ നടന്നുവെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ഇതിനുപുറമെ, കൊല്ലത്തെ ചീന കൊട്ടാരത്തിന്റെ നവീകരണം സംബന്ധിച്ച് റെയിൽവേ മന്ത്രിയോട് വിഷയം സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം ഇടിഞ്ഞു പോകുമെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അടിയന്തര സന്ദർശനം നടത്തിയതെന്നും, പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ റെയിൽവേയുടെ നേതൃത്വത്തിൽ നവീകരണം നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
