വോട്ടർമാർക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് എം.എം. മണി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വോട്ടർമാരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം. നേതാവ് എം.എം. മണി. സർക്കാരിൽ നിന്ന് ക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം ജനങ്ങൾ നന്ദികേട് കാണിച്ച് എൽ.ഡി.എഫിനെതിരേ വോട്ട് ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് രാഷ്ട്രീയ രംഗത്ത് വലിയ വിവാദമുണ്ടാക്കുകയും വോട്ടർമാരെ അപമാനിക്കുന്നതാണെന്ന ആരോപണങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

വിവാദം ശക്തമായതോടെ തനിക്ക് തെറ്റ് പറ്റിയതായി എം.എം. മണി തുറന്നുസമ്മതിച്ചു. ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും, തന്റെ വാക്കുകൾ തെറ്റായിരുന്നുവെന്ന് പാർട്ടി നേതൃത്വവും ചൂണ്ടിക്കാട്ടിയതായും അദ്ദേഹം വ്യക്തമാക്കി. വോട്ടർമാരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരു രാഷ്ട്രീയ നേതാവിൽ നിന്ന് ഉണ്ടാകരുതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞതായും മണി പറഞ്ഞു.

അതേസമയം, വോട്ടർമാരെ അവഹേളിക്കുന്ന ഈ പ്രസ്താവന സി.പി.എമ്മിന്റെ യഥാർത്ഥ മനോഭാവം വെളിപ്പെടുത്തുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. ക്ഷേമപെൻഷനുകൾ സർക്കാരിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നായിരുന്നു അവരുടെ പ്രധാന വാദം. ശക്തമായ വിമർശനങ്ങൾക്കിടെയാണ് പാർട്ടി നേതാവായ എം.എം. മണിക്ക് പരസ്യമായി തിരുത്തൽ വരുത്തേണ്ടിവന്നത്.

മറുപടി രേഖപ്പെടുത്തുക