പി.വി. അൻവറിനെ ഉൾപ്പെടുത്തിയതിൽ യുഡിഎഫിൽ ഭിന്നത; മുല്ലപ്പള്ളിയുടെ കടുത്ത വിമർശനം

പി.വി. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിനു പിന്നാലെ മുന്നണിക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തിയതിലുള്ള അതൃപ്തി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.

അവസരവാദികളുടെ അവസാന അഭയകേന്ദ്രമായി പാർട്ടി മാറരുതെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. യുഡിഎഫിൽ അസോസിയേറ്റ് അംഗമായി എത്തിയ പി.വി. അൻവർ സംയമനം പാലിക്കണമെന്നും യുഡിഎഫിനെ വഴിയമ്പലമാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന നിലപാട് അംഗീകരിക്കാൻ പ്രയാസമാണ്. ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവില്ല,” എന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്നണിയിലെത്തുന്ന പി.വി. അൻവർ കൂടുതൽ അനുസരണയും മാന്യതയും പുലർത്തണമെന്നും, മുന്നണിയിലെ അച്ചടക്കം കാത്തുസൂക്ഷിക്കണമെന്നും, പരസ്യപ്രസ്താവനകൾ ഗുണകരമല്ലെന്നും മുല്ലപ്പള്ളി താക്കീത് നൽകി.

മറുപടി രേഖപ്പെടുത്തുക