സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസന പാതയിൽ വൻ കുതിപ്പാണ് നടത്തിയതെന്നും, അധികാര വികേന്ദ്രീകരണത്തിൽ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
ശിശുമരണ നിരക്ക് കുറച്ചത്, ദാരിദ്ര്യ നിർമാർജന പദ്ധതികളിലും തൊഴിലുറപ്പ് പദ്ധതിയിലും കൈവരിച്ച പുരോഗതി എന്നിവയെ വികസന നേട്ടങ്ങളുടെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ജിഎസ്ടി വിഹിതം കുറച്ചതും വായ്പാ പരിധി വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ തീരുമാനങ്ങൾ കേരളത്തിന് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുന്നതായി ഗവർണർ വിമർശിച്ചു.
കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറുകയാണെന്ന് ആരോപിച്ച അദ്ദേഹം, സാമ്പത്തിക പരിമിതികൾക്കിടയിലും വരുമാനം വർധിപ്പിച്ചും ചെലവ് നിയന്ത്രിച്ചും കേരളം മുന്നേറുകയാണെന്ന് വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം പുതിയ ഉയരങ്ങളിലെത്തുമെന്നും, ഉന്നത വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.
ക്രമസമാധാന പരിപാലനത്തിലും വൈദ്യുതി വിതരണത്തിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പുരോഗതി കൈവരിച്ചതായും, കാലാവസ്ഥാ വ്യതിയാനം നേരിടാൻ കാർഷിക മേഖലയെ സജ്ജമാക്കുമെന്നും വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന കൃഷിനാശത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്നും നയപ്രഖ്യാപനത്തിൽ ഉറപ്പുനൽകി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി ഗവർണർ പ്രസംഗം സമാപിച്ചു.
