ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തെ ശക്തമായി വിമർശിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുകയാണെന്നും ഇറാനെതിരായ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധക്കുരുതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയും പ്രകൃതി വിഭവങ്ങളും തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രകൃതി സമ്പത്തുകൾ കൈവശപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും ലോകത്തെ മുഴുവൻ നിയന്ത്രിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ “കാട്ടാള” നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാവരും സാമ്രാജ്യത്വ കടന്നാക്രമണത്തെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കേരളത്തെയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം കേരളത്തിലെ ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
