പാലത്തായി പീഡനക്കേസിനെ കുറിച്ചുള്ള തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ വ്യക്തമാക്കി,. മുസ്ലിം ലീഗിനെയും എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെയും കുറിച്ചുള്ള രാഷ്ട്രീയ വിമര്‍ശനമാണ് താൻ ഉന്നയിച്ചതെന്നും, അതിനെ വളച്ചൊടിച്ച് വര്‍ഗീയ പരാമര്‍ശമായി ചിത്രീകരിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. തയ്യാറാക്കിയ ‘ക്യാപ്സ്യൂള്’ മുസ്ലിം ലീഗ് തന്നെ ഏറ്റെടുത്തുവെന്നും, ഇതുപോലുള്ള പ്രവണത ഏറെകാലമായി തുടരുന്നുവെന്നും ഹരീന്ദ്രൻ പറഞ്ഞു.
“മുസ്ലിം ലീഗിനെയും എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മതാധിഷ്ഠിത സംഘടനകളെയും വിമര്‍ശിച്ചാല്‍ അത് മുഴുവന്‍ മുസ്ലിം സമുദായത്തെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം. എല്‍.ഡി.എഫ് അധികാരത്തിലില്ലായിരുന്നുവെങ്കില്‍ പാലത്തായി കേസ് ഇന്നു ലഭിച്ച നിലയില്‍ എത്തുമായിരുന്നില്ല,” ഹരീന്ദ്രൻ വ്യക്തമാക്കി.
മുമ്പും ഒരു സമുദായത്തില്‍പ്പെട്ട ഇരയും പ്രതിയും ഉള്‍പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അന്നെയെങ്കിലും മുസ്ലിം ലീഗോ എസ്ഡിപിഐയോ ജമാഅത്തെ ഇസ്‌ലാമിയോ ശക്തമായ പ്രതികരണം നടത്തിയിട്ടില്ലെന്നും, മറിച്ച് ആ സംഭവങ്ങള്‍ നിസാരമാക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും ഹരീന്ദ്രൻ ആരോപിച്ചു.
