ലക്‌ഷ്യം ഭരണം തന്നെ; പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ എത്തുമ്പോൾ

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാകുന്നതിൽ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കൊപ്പം വിഷ്ണുപുരം ചന്ദ്രശേഖരനെയും അസോസിയേറ്റ് മെമ്പറായി പരിഗണിക്കാനാണ് തീരുമാനം. എന്നാൽ ഈ വിഷയത്തിൽ കേരള കോൺഗ്രസ് (എം) നിലപാട് വ്യക്തമാക്കട്ടെയെന്നും, അങ്ങോട്ട് പ്രത്യേകിച്ച് ചർച്ചയ്ക്ക് പോകേണ്ടതില്ലെന്നുമാണ് യോഗത്തിലെ പൊതുവായ ധാരണ.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം സഹകരിച്ച രാഷ്ട്രീയ നേതാക്കളെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.വി. അൻവർ പൂർണമായും യുഡിഎഫുമായി സഹകരിച്ച നിലപാടാണ് സ്വീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് മുന്നണി കൂടുതൽ ശക്തമാക്കുന്നതിനായുള്ള നിർണായക തീരുമാനമായാണ് ഇതിനെ വിലയിരുത്തുന്നത്.

അതേസമയം, ജോസ് കെ. മാണി വിഭാഗത്തെ അസോസിയേറ്റ് മെമ്പർഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നെങ്കിലും, പി.ജെ. ജോസഫ് അടക്കമുള്ള നേതാക്കൾ ശക്തമായി എതിർത്ത് രംഗത്തെത്തി. ഇതോടെ ആ അജണ്ട മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്കാണ് യോഗം എത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങാനാണ് യുഡിഎഫിന്റെ തീരുമാനം. സീറ്റ് വിഭജനം വൈകാതെ പൂർത്തിയാക്കുമെന്നും, ജനുവരിയിൽ തന്നെ സീറ്റ് വിഭജന ചർച്ചകൾ അവസാനിപ്പിക്കുമെന്നും യോഗത്തിൽ ധാരണയായി. മുന്നണിയുടെ ഐക്യവും വ്യാപ്തിയും ഉറപ്പാക്കുന്ന നടപടികളിലൂടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ശക്തമായി കടക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.

മറുപടി രേഖപ്പെടുത്തുക