അസമിലെ ഗുവാഹാട്ടിയിൽ നടന്ന വൻ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും രൂക്ഷമായി വിമർശിച്ചു . രാജ്യത്തിന്റെ സുരക്ഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനവും മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് സംരക്ഷണം നൽകുകയാണെന്ന ഗുരുതര ആരോപണവും പ്രധാനമന്ത്രി ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) സംവിധാനത്തെ ബിജെപി സർക്കാർ പിന്തുണയ്ക്കുമ്പോൾ, വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പതിറ്റാണ്ടുകളായി വടക്കുകിഴക്കൻ മേഖലയെ കോൺഗ്രസ് അവഗണിക്കുകയും അക്രമങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തതിന്റെ ഫലമായി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ വില നൽകേണ്ടി വന്നുവെന്ന് മോദി പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുമ്പോൾ ചിലർ അതിനെ എതിർക്കുന്നുവെന്നും, വനങ്ങളും ഭൂമിയും കൈയടക്കിയവർക്ക് കോൺഗ്രസ് കുടപിടിച്ചതോടെ അസമിന്റെ അസ്തിത്വത്തിന് തന്നെ ഭീഷണിയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കഴിഞ്ഞ 10–11 വർഷങ്ങളായി ബിജെപി ഭരണത്തിന് കീഴിൽ വടക്കുകിഴക്കൻ മേഖലയിൽ അക്രമങ്ങൾ അവസാനിച്ചുവെന്നും, ഒരുകാലത്ത് അശാന്തമായിരുന്ന ജില്ലകൾ ഇന്ന് വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കോൺഗ്രസ് വരുത്തിവെച്ച ചരിത്രപരമായ തെറ്റുകൾ തിരുത്തിക്കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയും ഐക്യവും ഉറപ്പാക്കുന്നതിനായാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
