ഭരണത്തുടർച്ചയ്ക്ക് പിന്തുണ; പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച അനിവാര്യമെന്ന് എം. മുകുന്ദൻ

എം. മുകുന്ദൻ കേരളത്തിൽ ഭരണത്തുടർച്ച വേണമെന്ന നിലപാട് വ്യക്തമാക്കി. മുൻപില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ, സംസ്ഥാനത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി, ഭരണസംവിധാനം ഊഴം വെച്ചു മാറേണ്ട ഒന്നാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശങ്ങളോടും ഉള്ള അവഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 15-ന് വൈകിട്ട് 8 മണിക്ക് ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂൾ വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഒഎൽഎഫിലെ പ്രധാന പ്രഭാഷകരായ പി.എൻ. ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ‘ഓർമ–ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരങ്ങൾ’ വിതരണം ചെയ്തു.

ഫെബ്രുവരി 14, 15 തീയതികളിലായി നടന്ന സാഹിത്യചർച്ചകളും സാംസ്‌കാരിക സംവാദങ്ങളും യുഎഇയിലെ നിരവധി പ്രവാസി മലയാളി എഴുത്തുകാരുടെയും സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്നു.

മറുപടി രേഖപ്പെടുത്തുക