സാമൂഹിക സൗഹാർദം ഊട്ടി ഉറപ്പിക്കേണ്ട മുഖ്യമന്ത്രി എങ്ങനെയെങ്കിലും പത്ത് വോട്ട് നേടാനാണ് ശ്രമിക്കുന്നത്: കെസി വേണുഗോപാൽ

കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

സത്യത്തിന്റെ അംശം പോലും ഇല്ലാത്ത അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നടത്തിയത്. എ കെ ബാലനെക്കൊണ്ട് മാറാട് സംബന്ധിച്ച കാര്യം കഴിഞ്ഞ ദിവസം പറയിപ്പിച്ചത് ആര് എന്ന് ഇപ്പോൾ വ്യക്തമായെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സാമൂഹിക സൗഹാർദം ഊട്ടി ഉറപ്പിക്കേണ്ട മുഖ്യമന്ത്രി എങ്ങനെയെങ്കിലും പത്ത് വോട്ട് നേടാനാണ് ശ്രമിക്കുന്നത്. അയ്യപ്പന്റെ സ്വർണ്ണം കട്ട രണ്ട് പേരെ രണ്ടു പോക്കറ്റിൽ ഇട്ടാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. സംഘപരിവാർ പറയാൻ മടിക്കുന്നതു പോലും പറയാനുള്ള വക്താവിനെ മുഖ്യമന്ത്രിയിലൂടെ ആർഎസ്എസിന് കിട്ടി. എല്ലാ മതവിഭാഗത്തെയും ഒരു പോലെ കാണുകയും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

എസ്ഡിപിഐയും വർഗീയ പാർട്ടിയാണ്. ജമാത്തെ ഇസ്‌ലാമി സിപിഐഎമ്മിനൊപ്പം കൂടുമ്പോൾ വർഗീയ പാർട്ടിയാകാതിരിക്കുകയും കോൺഗ്രസിന് ഒപ്പം ചേരുമ്പോൾ വർഗീയ പാർട്ടിയാണെന്ന് വാദിക്കുകയും ചെയ്യുകയാണ്. അപഹാസ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് സിപിഐഎമ്മിനെ കാത്തിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സാക്ഷാൽ പിണറായി വിജയനാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക