കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി Veena George നേരെ നടന്ന കെ.എസ്.യു ആക്രമണം നിഷ്ഠൂരമായ കടന്നാക്രമണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ഇത് പൂർണ്ണമായും ആസൂത്രിതമായ ആക്രമണമാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്നും യൂത്ത് കോൺഗ്രസും കെ.എസ്.യുവും അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള കായിക ആക്രമണം നടത്തുന്നത് സാംസ്കാരിക കേരളത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘കനകോലു സിദ്ധാന്തം’ മുൻനിർത്തി എന്തും ചെയ്യാമെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഈ ഹീന രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും, സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളം സി.പി.ഐ.എം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
