സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് പൊതുജനങ്ങളിൽ വ്യക്തമായി എത്തിക്കാൻ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഈ വിഷയത്തിൽ പാർട്ടിയുടെയോ സർക്കാരിന്റെയോ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തിരിച്ചടി ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ വികാരം ഫലത്തെ സ്വാധീനിച്ചില്ലെന്നും, മറ്റ് ഘടകങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായതെന്നും യോഗം വിലയിരുത്തി. ഉയർന്ന എതിർപ്പുകൾ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് സാധ്യമാകുമെന്ന ആത്മവിശ്വാസവും നേതൃത്വം പ്രകടിപ്പിച്ചു.
അതേസമയം, ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ള വിഷയവും ഉൾപ്പെടെ ചില കാര്യങ്ങൾ തിരിച്ചടിയായെന്ന വികാരം നേതാക്കളിലുണ്ട്. ജില്ലാതല കണക്കുകൾ വിശദമായി സിപിഎം-സിപിഐ നേതൃത്വയോഗങ്ങൾ വിലയിരുത്തിവരികയാണ്. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന അഭിപ്രായവും സിപിഎമ്മിനുള്ളിൽ ഉയർന്നിട്ടുണ്ട്.
