കുട്ടനാട് സീറ്റില്‍ മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി; മുന്നണിയുടെ പ്രചാരണം ഏകോപിപ്പിക്കാന്‍ സാബു എം ജേക്കബ് ; കളം നിറയാൻ ബിജെപി

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പ്രമുഖ നേതാക്കളെ മത്സര രംഗത്തിറക്കി മുന്നണി ശക്തിപ്പെടുത്താനൊരുങ്ങുകയാണ് എൻഡിഎ. സഖ്യകക്ഷികളിലെ മുതിർന്ന നേതാക്കൾ നേരിട്ട് മത്സരിക്കണമെന്നതാണ് ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ നിർദേശം.

കുട്ടനാട് മണ്ഡലത്തിൽ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കാനിടയുണ്ടെന്നാണ് സൂചന. അതേസമയം, അടുത്തിടെ എൻഡിഎയിൽ ചേർന്ന ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുകയാണ് താൻ കൂടുതൽ താത്പര്യമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കിയതായി അറിയുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകാനിടയുള്ളതിനാൽ ഇതിനോടകം ധാരണയായ മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ ബിജെപി നേതൃത്വം നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളം, കുട്ടനാട് മണ്ഡലങ്ങൾ ബിഡിജെഎസിന് നൽകാനാണ് പ്രാഥമിക ധാരണ.

നേരത്തെ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ കായംകുളത്ത് സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമം നടത്തിയിരുന്നു. എന്നാൽ സീറ്റ് വേണമെന്ന നിലപാട് ബിഡിജെഎസ് ശക്തമായി ഉന്നയിച്ചതോടെ ശോഭ സുരേന്ദ്രനെ പാലക്കാട്ടേക്ക് പരിഗണിക്കാനാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി ഏകദേശം 45,000 വോട്ടുകൾ നേടിയ അരൂർ മണ്ഡലവും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കപ്പെടാത്ത പക്ഷം അരൂരിൽ എൻഡിഎ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക