നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്ര, യുഡിഎഫിന്റെ പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷമാണ് ആരംഭിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചേർന്ന ആദ്യ യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. പുതിയ അസോസിയേറ്റഡ് അംഗങ്ങളടക്കം മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തോടെ ആവേശത്തിലായ യുഡിഎഫ്, നിയമസഭാ തെരഞ്ഞെടുപ്പിനായി ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 100 സീറ്റ് ലക്ഷ്യമിട്ടുള്ള സമഗ്ര പ്രവർത്തന പദ്ധതികളാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര നടക്കും. മുന്നണിയുടെ ജനകീയ അടിത്തറ കൂടുതൽ വിപുലപ്പെടുത്താൻ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടു.
