ഇന്ത്യക്കതിരെ ഇറങ്ങും മുമ്പെ നാണംകെട്ട് പാകിസ്ഥാന്‍, ദേശീയ ഗാനത്തിന് പകരം സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ‘ജലേബി ബേബി’..

Ind vs Pak - Asia Cup

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെിരായ അഭിമാനപ്പോരാട്ടത്തിനിറങ്ങും മുമ്പെ നാണംകെട്ട് പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ടീം മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ദേശീയ ഗാനാലാപനത്തിനായി അണിനിരന്നപ്പോഴായിരുന്നു ഡിജെയുടെ കൈയബദ്ധത്തില്‍ നാണംകെട്ടത്. ആദ്യം പാകിസ്ഥാന്‍റെ ദേശീയ ഗാനവും തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനവും മുഴങ്ങുമെന്നായിരുന്നു സ്റ്റേഡിയത്തില്‍ ഉറക്കെ അനൗണ്‍സ് ചെയ്തത്. പാക് താരങ്ങള്‍ ദേശീയ ഗാനം ഏറ്റുപാടാനായി തയാറായി നില്‍ക്കെ സ്റ്റേഡിയത്തിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയത് ജലേബി ബേബിയെന്ന ആല്‍ബം സോംഗ് ആയിരുന്നു. ഇതുകേട്ട് പാക് താരങ്ങള്‍ ഞെട്ടി. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് പ്ലേ ചെയ്തതെങ്കിലും സംഭവം പാകിസ്ഥാനും ആരാധകര്‍ക്കും വലിയ നാണക്കേടാവുകയും ചെയ്തു. പെട്ടെന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ പാകിസ്ഥാന്‍റെ ദേശീയ ഗാനം പ്ലേ ചെയ്തു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. വാലറ്റത്ത് തകര്‍ത്തടിച്ച ഷഹീന്‍ ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സുമായി പുറത്താതതെ നിന്നു. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്‍(17), ഫഹീം അഷ്റഫ്(11), സൂഫിയാന്‍ മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ടോസ് ജയിച്ച് ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിൽ തന്നെ അടിയേറ്റിരുന്നു. ഇന്ത്യക്കായി ന്യൂബോള്‍ എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ബുമ്ര, മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്‍റെ കൈകളിലെത്തിച്ചതോടെ പാകിസ്ഥാന്‍റെ തുടക്കം തന്നെ തകര്‍ച്ചയിലായി.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു