സഞ്ജുവിനും രോഹനും സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തപ്പോൾ, കേരളം 42.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ സഞ്ജു സാംസണും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും നേടിയ വെടിക്കെട്ട് സെഞ്ചുറികളാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയായത്.

78 പന്തിൽ 124 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറർ. എട്ട് ഫോറും 11 സിക്സും അടങ്ങിയ ഇന്നിംഗ്സായിരുന്നു അത്. സഞ്ജു സാംസൺ 95 പന്തിൽ 101 റൺസെടുത്തു; ഒമ്പത് ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്ന മികച്ച ഇന്നിംഗ്സ്. ഇരുവരും പുറത്തായതിന് ശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേർന്ന് കേരളത്തെ അനായാസം വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജാർഖണ്ഡ്, കുമാർ കുഷാഗ്രയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് വലിയ സ്കോർ നേടിയത്. 137 പന്തിൽ 143 റൺസ് നേടി പുറത്താകാതെ നിന്ന കുഷാഗ്രയായിരുന്നു ജാർഖണ്ഡിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഇഷാൻ കിഷൻ 21 റൺസിൽ പുറത്തായപ്പോൾ, അനുകൂൽ റോയ് 72 റൺസുമായി മികച്ച പിന്തുണ നൽകി.

കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളിൽ കേരളത്തിന്റെ മൂന്നാം ജയമാണിത്.

മറുപടി രേഖപ്പെടുത്തുക