ഫിറ്റ്നസ് ട്രാക്കിംഗിൽ പുതിയ ചുവടുവെപ്പ്; ‘ഫിറ്റ്ബിറ്റ് എയർ’ അവതരിപ്പിച്ച് ഗൂഗിൾ

ഫിറ്റ്നസ് സാങ്കേതികവിദ്യയിൽ പുതിയ ട്രെൻഡിന് തുടക്കമിട്ട് ഗൂഗിൾ. സ്‌ക്രീനുകളുടെയും സ്മാർട്ട് വാച്ചുകളുടെയും തിരക്കില്ലാതെ ആരോഗ്യനിരീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വെയറബിൾ ഉപകരണമായ ‘ഫിറ്റ്ബിറ്റ് എയർ’ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ദിവസം മുഴുവൻ സുഖകരമായി ധരിക്കാവുന്ന തരത്തിലാണ് ഈ പുതിയ ഫിറ്റ്നസ് ട്രാക്കർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്ട്രാപ്പ് ഉൾപ്പെടെ വെറും 12 ഗ്രാം മാത്രമാണ് ഫിറ്റ്ബിറ്റ് എയറിന്റെ ഭാരം. അതിനാൽ 24 മണിക്കൂറും തുടർച്ചയായി ധരിച്ചാലും അസ്വസ്ഥത അനുഭവപ്പെടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാട്ടർപ്രൂഫ് സവിശേഷതയുള്ളതിനാൽ നീന്തൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കിടയിലും ഇത് ഉപയോഗിക്കാനാകും.

ബാറ്ററി പ്രകടനത്തിലും ഉപകരണം ശ്രദ്ധ നേടുന്നുണ്ട്. ഒരുതവണ പൂർണമായി ചാർജ് ചെയ്താൽ ഏഴ് ദിവസം വരെ പ്രവർത്തിക്കും. വെറും അഞ്ച് മിനിറ്റ് ക്വിക്ക് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനാകുമെന്നതും പ്രധാന സവിശേഷതയാണ്.

ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ അളവ് (SpO2), ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ ഫിറ്റ്ബിറ്റ് എയർ തുടർച്ചയായി നിരീക്ഷിക്കും. ഉപയോക്താവ് ഗാഢനിദ്രയിലല്ലാത്ത സമയത്ത് സൗമ്യമായ വൈബ്രേഷനിലൂടെ ഉണർത്തുന്ന ‘സ്മാർട്ട് വേക്ക്’ സംവിധാനവും ഇതിലുണ്ട്. കൂടാതെ നടത്തം, ഓട്ടം, വ്യായാമം തുടങ്ങിയ പ്രവർത്തനങ്ങൾ സ്വയം തിരിച്ചറിഞ്ഞ് രേഖപ്പെടുത്താനും ട്രാക്കറിന് കഴിയും.

ഗൂഗിളിന്റെ ജെമിനി എഐ സാങ്കേതികവിദ്യയും പുതിയ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഹെൽത്ത് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്ക് ലഭ്യമാകുന്ന ‘ഹെൽത്ത് കോച്ച്’ സംവിധാനം വ്യക്തിഗത ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്ത് വ്യായാമ നിർദേശങ്ങളും ജീവിതശൈലി നുറുങ്ങുകളും നൽകും.

ആഗോള വിപണിയിൽ ഫിറ്റ്ബിറ്റ് എയറിന്റെ വില 99.99 ഡോളർ (ഏകദേശം 8,300 രൂപ) ആണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ഇന്ത്യയിലേക്കുള്ള ലോഞ്ചും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില 12,000 മുതൽ 14,000 രൂപ വരെയാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ.

സ്മാർട്ട് വാച്ചുകൾക്ക് പകരമായി ലളിതവും ഭാരം കുറഞ്ഞതുമായ ആരോഗ്യ നിരീക്ഷണ ഉപകരണം തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഫിറ്റ്നസ് ട്രാക്കിംഗ് മേഖലയിലെ മത്സരത്തെ കൂടുതൽ ശക്തമാക്കുന്നതാണ് ഫിറ്റ്ബിറ്റ് എയറിന്റെ വരവെന്ന് വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക