മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണി പ്രസ്താവനയെ തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെ “ബോംബെറിഞ്ഞ് തീര്‍ത്തുകളയണം” എന്ന രീതിയിലുള്ള ഭീഷണിപരമായ കമന്റാണ് കേസ് എടുക്കാനുള്ള കാരണം.
എഫ്‌ഐആറിൽ ടീന ജോസ് സമൂഹത്തിൽ അക്രമാത്മക സാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചതായി ആരോപിക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായ കെ. ആർ. സുഭാഷ് ചന്ദ്രൻ ഡി.ജി.പി.ക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് വിവാദ കമന്റ് രേഖപ്പെടുത്തിയത്.
ടീന ജോസിന്റെ പ്രസ്താവന ഇപ്രകാരം ആയിരുന്നു:
“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.”
ഈ കമന്റ് രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായ വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ച് വലിയ വിവാദമായി മാറിയിരുന്നു .
