ഇടുക്കിയിൽ യുഡിഎഫിന് വിമതശല്യം

ഇടുക്കി ജില്ലയിൽ വിമത സ്ഥാനാർത്ഥികളെ നിയന്ത്രിക്കാൻ യു.ഡി.എഫിന് കഴിയാതെ വന്നിരിക്കുകയാണ്. തൊടുപുഴ നഗരസഭയിലെ 10-ാമത്തെ വാർഡിൽ മാത്രം മൂന്ന് വിമതർ ജനവിധി തേടുന്ന സാഹചര്യമാണിപ്പോൾ. സ്ഥാനാർത്ഥി നിർണയത്തിൽ നേതാക്കളുടെ വ്യക്തിപരമായ താൽപര്യങ്ങളാണ് മേൽക്കൈ നേടിയതെന്നും സാധാരണ പ്രവർത്തകരുടെ അഭിപ്രായങ്ങൾ യു.ഡി.എഫ് നേതൃത്വം അവഗണിച്ചുവെന്നുമാണ് പ്രവർത്തകരുടെ ആരോപണം.

ഇടുക്കി ജില്ലയിൽ മാത്രം 28 സ്ഥാനങ്ങളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. കൂട്ടായ തീരുമാനങ്ങളിലൂടെ സ്ഥാനാർത്ഥികളെ തെരഞ്ഞടുക്കുന്നതിൽ പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം. നേതാക്കളുടെ സ്വാർത്ഥ നിലപാടുകൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ സ്വാധീനിച്ചതും വിമതർ രംഗത്തെത്താൻ വഴിവെച്ചതുമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

സാധാരണ പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകാത്തതോടെയാണ് താൻ വിമതനായി മത്സരിക്കുന്നതെന്നു കോൺഗ്രസ് പ്രവർത്തകൻ ഷംസ് പറയുന്നു. തനിക്കു സീറ്റ് വാഗ്ദാനം ചെയ്തിട്ടും പിന്നീട് വഞ്ചിച്ചുവെന്നാണ് മുൻ കൗൺസിലർ ആനി ജോർജ്ജിന്റെ ആരോപണം.

സംഘടനയ്ക്കായി വർഷങ്ങളോളം പ്രവർത്തിച്ചവരെ തന്നെ തഴയുകയാണെന്നു മുൻ കോൺഗ്രസ് വൈസ് പ്രസിഡന്റും വിമത സ്ഥാനാർത്ഥിയുമായ ബഷീറും ആരോപിക്കുന്നു. നേതാക്കളുടെ സ്വാർത്ഥതയ്‌ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസിൽ നിന്ന് നിരവധി പേർ രാജിവെച്ചിട്ടുമുണ്ട്.

മറുപടി രേഖപ്പെടുത്തുക