ഈ ആഴ്ച അവസാനം പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായി, ഇന്ത്യയുമായുള്ള സൈനിക സഹകരണം സംബന്ധിച്ച കരാറിന് റഷ്യയുടെ അധോസഭയായ സ്റ്റേറ്റ് ഡുമ അംഗീകാരം നൽകി. ചൊവ്വാഴ്ച നടന്ന സ്റ്റേറ്റ് ഡുമയുടെ പ്ലീനറി സെഷനിലാണ് കരാർ അംഗീകരിച്ചത്.
ഉഭയകക്ഷി സായുധ സേനാ അഭ്യാസങ്ങൾ, രക്ഷാപ്രവർത്തനം, മാനുഷിക ശ്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉടമ്പടി, റഷ്യയ്ക്കും ഇന്ത്യയ്ക്കും പരസ്പരം മണ്ണിൽ നിയമപരമായി സൈനികരെയും ഉപകരണങ്ങളെയും വിന്യസിക്കാൻ അനുവദിക്കും.
അതേസമയം, ഡിസംബർ 4-5 തീയതികളിൽ പുടിൻ തന്റെ പത്താമത്തെ ഇന്ത്യാ സന്ദർശനം നടത്തും.
2021 ന് ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയായ ഈ സന്ദർശന വേളയിൽ, റഷ്യൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം സന്ദർശന വേളയിൽ മുഖ്യ അജണ്ടയിലുണ്ടാകാൻ സാധ്യതയുണ്ട്.
1960 കളുടെ തുടക്കം മുതൽ ഇന്ത്യയും റഷ്യയും പ്രതിരോധ മേഖലയിൽ പങ്കാളിത്തത്തിലാണ്. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കരുത്ത് പകരുന്നതിനായി ആഭ്യന്തര ആയുധ നിർമ്മാതാക്കളുമായി സഹകരിക്കാൻ റഷ്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ സ്ഥാപനങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിച്ചിരുന്നു .
