രാഹുലിനെ സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഏറ്റവും കടുത്ത നടപടിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങിയത്: കെസി വേണുഗോപാൽ

പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നിലനിര്‍ത്തുന്നതും കോണ്‍ഗ്രസിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കണ്ണൂരില്‍ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആ തീരുമാനം എഐസിസിയും അംഗീകരിച്ചിട്ടുണ്ട്. ഇതുപോലെയുള്ള സമാനസംവങ്ങളിള്‍ ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചത്. ആരോപണം ഉയര്‍ന്നയുടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. പല പാര്‍ട്ടികളും തീരുമാനമേ എടുക്കാറില്ല. സംരക്ഷിക്കുകയാണ് പതിവ്. സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഏറ്റവും കടുത്ത നടപടിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങിയതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും കെസി വേണുഗോപാല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ലഭിച്ച പരാതി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഒളിപ്പിച്ചുവയ്ക്കുന്ന രീതിയല്ല കോണ്‍ഗ്രസ് പിന്തുടര്‍ന്നത്.പരാതി ലഭിച്ചപ്പോള്‍ തന്നെ കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറി.തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കൂടുതല്‍ ഗൗരവമായ വിഷയങ്ങളുണ്ട്. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് ഈ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവ അവാസ്തവമെങ്കില്‍ ബ്രിട്ടാസ് പ്രിവിലേജ് നോട്ടീസ് നല്‍കാത്തതെന്ത്?

പി.എം.ശ്രീ പദ്ധതി ഒപ്പിടുന്നതില്‍ ഇടനിലക്കാരനായി നിന്നെന്ന് രാജ്യസഭയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതിനെ ബ്രിട്ടാസ് ചോദ്യം ചെയ്തിട്ടില്ല. വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെങ്കില്‍ ജോണ്‍ ബ്രിട്ടാസിന് പ്രിവിലേജ് നോട്ടീസ് നല്‍കാം. അത് ചെയ്യാത്തത് തന്നെ പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി-സി.പി.എം ബന്ധം കൂടുതല്‍ വെളിപ്പെടുന്നു. കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം ആഴത്തിലാണ്. ലേബര്‍ കോഡ്, പി.എം.ശ്രീ പദ്ധതികളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ വ്യക്തമാകുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പിഎം ശ്രീ കാരാറില്‍ ഓപ്പിട്ടത് ഇടനിലക്കാരുടെ ഇടപെടലിനെ തുടര്‍ന്നുള്ള ഡീലാണെന്ന് കോണ്‍ഗ്രസും സിപി ഐയും പറഞ്ഞതാണ്. ഇപ്പോള്‍ അത് ശരിവെയ്ക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഗുജറാത്തില്‍ ആളുകളെ ചുട്ടുകൊന്ന ബിജെപിക്ക് ക്രിമിനല്‍ ലോ ഉണ്ടാക്കാന്‍ എന്ത് ധാര്‍മികതയുണ്ടെന്ന് താന്‍ പാര്‍ലമെന്റില്‍ ഉന്നിയിച്ചു. ഈ വിഷയത്തില്‍ സിപിഎം അംഗങ്ങളുടെ ഒരു ശബ്ദം പോലും ഉയര്‍ന്നില്ല.

ബജെപിയും സംഘപരിവാറുമായും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തന്റേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടപടികള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികാലം മുതല്‍ താന്‍ മതേതരവാദിയാണ്. താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, മതേതരത്വം എന്നത് തന്റെ മന്ത്രമാണ്. സംഘപരിവാറിന്റെ അജണ്ടയ്ക്ക് നിന്നു കൊടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരാള്‍ക്കും കഴിയില്ല. കമ്യൂണിസ്റ്റ് ആശങ്ങള്‍ പണയം വെച്ച് അധികാരത്തിന് വേണ്ടി മോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണിത്.അത് സിപിഎം അണികള്‍ ചര്‍ച്ച ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം വിലക്കാത്ത പാര്‍ട്ടിയാണെന്ന് ശശി തരൂരുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു. ആശയവും നയവുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് ആര്‍ക്കെങ്കിലും വേണ്ടി മാറ്റാറില്ല. സിപിഎമ്മില്‍ നിന്ന് ഇത്തരം ഒരു അഭിപ്രായം നടത്തുന്നതെങ്കില്‍ എന്താകും സ്ഥിതി. ടി.പി.ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക