സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ യുവമോർച്ച നേതാവ് അദീന ഭാരതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറിയായ അദീന ഭാരതി എൻഡിഎ സ്ഥാനാർഥിയായാണ് ജനവിധി തേടിയത്.
19,425 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി ഷീല സ്റ്റീഫനാണ് കരിങ്കുന്നം ഡിവിഷനിൽ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജ്യോതി അനിലിന് 10,522 വോട്ടുകൾ ലഭിച്ചപ്പോൾ, അദീന ഭാരതിക്ക് 5,963 വോട്ടുകൾ മാത്രമാണ് നേടാനായത്.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അദീന നടത്തിയ പരാമർശം. ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ, അദീനയെപ്പോലുള്ളവർ സമൂഹത്തിന് അപകടകരമാണെന്നും, ഇത്തരം ആളുകളിൽ നിന്ന് അകലം പാലിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹം തിരിച്ചറിയണമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
