കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഹൈക്കോടതി സ്റ്റേ നൽകി. കിഫ്ബി സമർപ്പിച്ച ഹർജിയിൽ നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ നേരത്തേ തന്നെ ഹൈക്കോടതി തടഞ്ഞിരുന്നു.
മസാല ബോണ്ട് കേസിൽ ‘ഫെമ’ ലംഘനം കണ്ടെത്തിയെന്ന ഇഡിയുടെ റിപ്പോർട്ടിലെ തുടർനടപടികൾക്കും മുൻപ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. നാല് മാസത്തേക്കായിരുന്നു ആ സ്റ്റേ. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുകയാണ് നടത്തിയതെന്നായിരുന്നു കിഫ്ബിയുടെ വാദം.
തുടർന്ന് വിഷയത്തിൽ വിശദമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഇഡിയുടെ മറുപടി ലഭിച്ച ശേഷമായിരിക്കും കേസിലെ തുടർവാദം നടക്കുക.
