ഇന്ത്യക്ക് സ്വന്തം എഐ ശേഷികൾ അനിവാര്യം; വിദേശ ആശ്രിതത്വം അപകടകരം: ഗൗതം അദാനി

ഇന്ത്യ സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ശേഷികൾ വികസിപ്പിക്കണമെന്നും, വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന് ഗുരുതരമായ സാമ്പത്തികവും തന്ത്രപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി . പൂനെ ജില്ലയിലെ ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനിൽ ‘ശരദ് പവാർ സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയംപര്യാപ്തതയില്ലാത്ത വളർച്ച പരാധീനത സൃഷ്ടിക്കുമെന്നും, നിയന്ത്രണമില്ലാത്ത സാങ്കേതിക പുരോഗതി അപകടസാധ്യതകൾ വർധിപ്പിക്കുമെന്നും അദാനി മുന്നറിയിപ്പ് നൽകി. “140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് തങ്ങളുടെ തൊഴിൽ, ഡാറ്റ, സംസ്കാരം, കൂട്ടായ ബുദ്ധിശക്തി എന്നിവ വിദേശ അൽഗോരിതങ്ങൾക്കും വിദേശ ബാലൻസ് ഷീറ്റുകൾക്കും വിട്ടുകൊടുക്കാൻ കഴിയില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന്റെ ധനസഹായത്തോടെയാണ് ഈ എഐ സെന്റർ സ്ഥാപിച്ചത്. പവാർ കുടുംബത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാ പ്രതിഷ്ഠാനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എഐ ഗവേഷണം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി അദാനി ഗ്രൂപ്പും വിദ്യാ പ്രതിഷ്ഠാനും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു. ചടങ്ങിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി (എസ്‌സിപി) അധ്യക്ഷൻ ശരദ് പവാർ എന്നിവർ പങ്കെടുത്തു.

സാങ്കേതികവിദ്യയുടെ ചരിത്രപരമായ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച അദാനി, മൊബൈൽ വിപ്ലവവും എഐയും ഇന്ത്യയിൽ വലിയ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിച്ചതായി പറഞ്ഞു. “ഇന്നലത്തെ വിത്തുകൾ മണ്ണിൽ പാകിയതായിരുന്നെങ്കിൽ, നാളത്തെ വിത്തുകൾ അൽഗോരിതങ്ങളിലാകും പാകുക” എന്ന വാക്കുകളിൽ അദ്ദേഹം ഭാവി ചിത്രീകരിച്ചു.

ഇന്ത്യയിലെ മൊബൈൽ വിപ്ലവം തൊഴിലുകൾ ഇല്ലാതാക്കിയില്ല; മറിച്ച് താഴെത്തട്ടിലുള്ളവർക്ക് സാമ്പത്തിക ശക്തി നൽകുകയും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 1991 മുതൽ 2024 വരെ ഇന്ത്യയിൽ 230 ദശലക്ഷത്തിലധികം നോൺ-ഫാം ജോലികൾ സൃഷ്ടിക്കപ്പെട്ടതിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന് നിർണായക പങ്കുണ്ടെന്നും അദാനി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക