തിരുവനന്തപുരം മേയറെയും ഡെപ്യൂട്ടി മേയറെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരിയിൽ ബിജെപി നേടിയ വിജയം കേരളത്തിലെ ജനങ്ങൾ ഒരു പുതിയ പ്രഭാതത്തിന് ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഉണ്ടായത് സുവർണ്ണലിപികളിൽ എഴുതപ്പെടുന്ന ചരിത്രനേട്ടമാണെന്നും അനുമോദനക്കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
‘വികസിത തിരുവനന്തപുരം’ എന്ന എൻഡിഎയുടെ ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി–എൻഡിഎ സഖ്യം ജനങ്ങളുടെ തിരഞ്ഞെടുപ്പായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എൽഡിഎഫ്–യുഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിക്കാനുള്ള ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളുമായി നിലകൊള്ളുന്ന എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഈ രാഷ്ട്രീയ മത്സരം ഉടൻ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ഈ മുന്നണികൾ കേരളത്തിന്റെ ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരതയുടെയും സംസ്കാരമാണ് വളർത്തിയതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും മന്നത്ത് പത്മനാഭന്റെയും ആശയങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്.
