ഷാരൂഖ് ഖാന്റെ നാവ് അറുക്കുന്നവർക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്‌മാനെ ഐപിഎൽ ടീമിലേക്കെടുത്തതിനെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിൽ ഒരാളായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെതിരെ കടുത്ത വിമർശനങ്ങളുമായി ഹിന്ദു മഹാസഭ നേതാവ് രംഗത്തെത്തി. ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നുവെന്ന പ്രസ്താവനയുമായി അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുൻ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂർ രംഗത്തെത്തുകയായിരുന്നു.

ഐപിഎൽ ടീമിനായി ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയതിനെ തുടർന്ന് ഷാരൂഖ് ഖാനെ ‘രാജദ്രോഹി’ എന്ന് വിളിച്ച ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മീര താക്കൂറിന്റെ പ്രതികരണം. “ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ ആക്രമിക്കപ്പെടുമ്പോൾ അവിടെ നിന്നുള്ള കളിക്കാരെ വാങ്ങുന്നത് അംഗീകരിക്കാനാകില്ല” എന്നും അവർ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ഷാരൂഖ് ഖാന്റെ പോസ്റ്ററുകളിൽ കരിഓയിൽ ഒഴിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതിന് പുറമെ അയോദ്ധ്യയിലും മറ്റ് സ്ഥലങ്ങളിലുമുള്ള ചില സന്യാസിമാരും ബംഗ്ലാദേശ് താരത്തെ ഐപിഎൽ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി രംഗത്തെത്തി.

“ബിസിസിഐ ഇതിൽ ഒരു നിലപാട് സ്വീകരിക്കണം. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ എന്ന വിഷയം ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ഉന്നയിക്കണം,” എന്ന് ധിരേന്ദ്ര ശാസ്ത്രി പറഞ്ഞു. സ്വാമി രാംഭദ്രാചാര്യയും ഷാരൂഖ് ഖാനെതിരെ കടുത്ത വിമർശനം ഉന്നയിച്ച്, “അദ്ദേഹം ഒരു വീരനല്ല, വ്യക്തിത്വമില്ലാത്ത ആളാണ്” എന്ന് അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക