ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ എന്നതിൽ എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ എസ്‌ഐടി വ്യക്തമായ മറുപടി നൽകേണ്ടതുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

താൻ നേരത്തെ പറഞ്ഞത് സുഹൃത്തായ ഒരു വ്യവസായി നൽകിയ വിവരങ്ങളാണെന്നും, അദ്ദേഹവുമായി ഇപ്പോഴും സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. വ്യവസായി തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വിഷയം ഇങ്ങനെ അവസാനിപ്പിക്കാനാകില്ലെന്നും അന്വേഷണം കൂടുതൽ സുതാര്യമാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് സിനഡിൽ പങ്കെടുത്തത് തെറ്റല്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. താനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇതിന് മുൻപ് സിനഡിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിനഡിൽ പോകുന്ന കാര്യം താനുമായി മുൻകൂട്ടി സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക