ഇന്ത്യയില്‍ ഇടതുപക്ഷം രാഷ്ട്രീയശക്തിയായി അപ്രസക്തം: എന്‍ എസ് മാധവന്‍

ഇന്ത്യയില്‍ ഇടതുപക്ഷം ഇനി ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ പ്രസക്തിയില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും ഇല്ലാതായതോടെയാണ് അവര്‍ രാഷ്ട്രീയശക്തിയല്ലാതായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്ര ഇടതുപക്ഷ നിലപാടുകള്‍ ശരിയല്ലെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞതോടെയാണ് ഇടതുപക്ഷത്തിന് കുതിപ്പില്ലാതായതെന്നും മാധവന്‍ വ്യക്തമാക്കി.

ഇതിന് പ്രധാന കാരണം കേന്ദ്രനേതൃത്വത്തിന്റെ തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ആശയമെന്ന നിലയില്‍ മാത്രമാണ് കമ്യൂണിസം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നതെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദി ഓതര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയം തന്നെ മാറ്റിമറിക്കാനുള്ള ഒരു പദ്ധതി രൂപപ്പെട്ടിട്ടുണ്ടെന്നും അത് ഓരോ വര്‍ഷവും വ്യത്യസ്ത രീതികളിലൂടെ മുന്നോട്ടുപോകുകയാണെന്നും മാധവന്‍ പറഞ്ഞു. തുടക്കത്തില്‍ അതിന് മൃദുവായ ഒരു മുഖം ആവശ്യമായതിനാല്‍ വാജ്‌പേയിയെ മുന്നോട്ട് കൊണ്ടുവന്നുവെന്നും പിന്നീട് കൂടുതല്‍ രൂക്ഷമായ മുഖം ആവശ്യമെന്ന് തോന്നിയപ്പോള്‍ അതും അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ ശക്തമായ ഒരു മറുവശം ഇല്ലാത്തതിനാലാണ് ആ പദ്ധതിയുടെ മുന്നേറ്റം തുടരുന്നതെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. രാഷ്ട്രീയശക്തിയെന്ന നിലയില്‍ ഇടതുപക്ഷം അപ്രസക്തമായതിനാല്‍ കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും തന്നെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അവരും കാലക്രമേണ ഈ നിലപാടുകളെ അനുകൂലിക്കുന്ന തരത്തിലാണ് സംസാരിക്കുന്നതെന്നും മാധവന്‍ വിമര്‍ശിച്ചു.

കേരളം പൊതുവേ ഇടതുപക്ഷ മനസ്സുള്ള സംസ്ഥാനമാണെന്നും എന്‍ എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

മറുപടി രേഖപ്പെടുത്തുക