കേരള കോണ്‍ഗ്രസ് (എം)യുടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ അത് സ്വാഗതം ചെയ്യുമെന്നും, യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലേക്ക് ആര് വന്നാലും ഗുണം ചെയ്യുമെന്നും, മുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും പിഎംഎ സലാം വ്യക്തമാക്കി. യുഡിഎഫിന്റെ ആശയങ്ങളോട് യോജിക്കുന്ന ജനാധിപത്യ–മതേതര വിശ്വാസികളായ എല്ലാ വിഭാഗങ്ങളെയും മുന്നണി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ ഗുണമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും പിഎംഎ സലാം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നും, ജനുവരി അവസാനത്തോടെ യുഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നുവെന്നും അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചതെന്നും പറഞ്ഞു. ഇനി ഫൈനലാണെന്നും, മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച നടക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി.
