തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള തീക്കളിയാണ് സി.പി.എം നടത്തുന്നത്: കെസി വേണുഗോപാൽ

കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ ജാതിയും പേരും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒരു നാടിനെ മുഴുവന്‍ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

ജയിക്കുന്നവരുടെ പേര് നോക്കി ഒരു പ്രദേശത്തെ മുഴുവന്‍ അപമാനിക്കാന്‍ പാടില്ല.മല്ലികാര്‍ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള നാടാണ് കാസര്‍ഗോഡ്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയാണ് ഭരണഘടനാ വിരുദ്ധമായ ഈ പ്രസംഗം നടത്തിയിരിക്കുന്നത്.ബാലകൃഷ്ണപിള്ളയുടെ പ്രസംഗത്തേക്കാള്‍ കടുത്ത ഭരണഘടനാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായി പ്രസംഗിച്ച മന്ത്രിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ആ മന്ത്രിയെ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുത്. മന്ത്രിയെ തിരുത്താതെ അദ്ദേഹത്തെ താലോലിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള തീക്കളിയാണ് സി.പി.എം നടത്തുന്നത്. കാസര്‍ഗോഡ് ജില്ലയോട് മന്ത്രി കാണിച്ച ക്രൂരത പൊറുക്കാന്‍ കഴിയുന്നതല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക