കേരളത്തിന്റെ അതിവേഗ പാത സ്ഥിരീകരിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ

കേരളത്തിലെ അതിവേഗ റെയിൽ പാത പദ്ധതിയെക്കുറിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ നിർണായക വെളിപ്പെടുത്തൽ നടത്തി. പദ്ധതിയുടെ ഡിപിആർ (വിശദ പദ്ധതിവിവരം) തയ്യാറാക്കാൻ കേന്ദ്ര സർക്കാർ തന്നെ ചുമതലപ്പെടുത്തിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 2ന് പൊന്നാനിയിൽ പദ്ധതിയുടെ ഓഫീസ് തുറക്കുമെന്നും ശ്രീധരൻ അറിയിച്ചു.

86,000 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തിലായിരിക്കും നടപ്പാക്കുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ഹൈസ്പീഡ് ട്രെയിനുകൾക്കായി കേരളത്തിലുടനീളം 22 സ്റ്റേഷനുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ ചെലവ് ഏകദേശം ഒരു ലക്ഷം കോടി രൂപയായി കണക്കാക്കുന്നു.

പാതയുടെ 70 ശതമാനം എലവേറ്റഡായും 20 ശതമാനം തുരങ്കപാതയായും നിർമിക്കും. പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും പാത കടന്നുപോകുക. പദ്ധതിക്കെതിരെ സമരം വേണ്ടെന്നും, അതിനാൽ ആവശ്യത്തിന് മാത്രമേ ഭൂമിയേറ്റെടുപ്പ് ഉണ്ടാകൂവെന്നും ശ്രീധരൻ വ്യക്തമാക്കി. തൂണുകളുടെ നിർമാണം പൂർത്തിയായ ശേഷം ഭൂമി ഉടമകൾക്ക് തിരികെ നൽകും. അവിടെ വീടുകൾ നിർമിക്കാൻ പാടില്ലെങ്കിലും കൃഷി നടത്താൻ അനുമതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെക്കുറിച്ച് സംസ്ഥാന സർക്കാരുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും, 15 ദിവസത്തിനകം റെയിൽവേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ശ്രീധരൻ അറിയിച്ചു.

ഹൈസ്പീഡ് ട്രെയിനിൽ ഒരേസമയം 520 പേർക്ക് യാത്ര ചെയ്യാനാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ. അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടിക്കറ്റ് നിരക്ക് നിലവിലെ ട്രെയിൻ ടിക്കറ്റിനെക്കാൾ ഏകദേശം ഒന്നര ഇരട്ടി കൂടുതലായിരിക്കും. ഓരോ അഞ്ച് മിനിറ്റിലും സർവീസ് ഉണ്ടാകും. ഡിപിആർ ഒമ്പത് മാസത്തിനകം പൂർത്തിയാക്കുമെന്നും, നിലമ്പൂർ–നഞ്ചൻഗോഡ് ലൈൻ സംബന്ധിച്ച ഡിപിആർ രണ്ട് മാസത്തിനകം തയ്യാറാക്കാൻ കഴിയുമെന്നും ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക