തനിക്ക് പറയാനുളള കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂർ വ്യക്തമാക്കി. ഡൽഹിയിലെ ചർച്ചയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ അതൃപ്തി നിഷേധിക്കാതെയായിരുന്നു തരൂരിന്റെ പ്രതികരണം.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകളിൽ ശരിയും തെറ്റും കലർന്നിരിക്കുന്നുണ്ടെന്നും, അത്തരം കാര്യങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കില്ലെന്ന വിവരം പാർട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും, പാർട്ടിക്കകത്ത് പറയാനുള്ളത് പാർട്ടിക്കകത്ത് തന്നെയാണ് പറയുകയെന്നും തരൂർ വ്യക്തമാക്കി.
എറണാകുളം വിവാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം, തന്റെ പുസ്തകം അവിടെ പ്രകാശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാൽ രാഷ്ട്രീയ പരിപാടിയുടെ പേരിൽ ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിലെ പരിപാടി മാറ്റേണ്ടി വന്നതോടെയാണ് കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തതെന്നും ശശി തരൂർ വ്യക്തമാക്കി.
