പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന കോൺഗ്രസിൽ ശക്തമാകുന്നു. ബിജെപിയെ തടയാൻ സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒന്നിക്കണമെന്നതാണ് ഹൈക്കമാൻഡിന്റെ നിലപാട്. എന്നാൽ ഇതിന് വിരുദ്ധമായ അഭിപ്രായമാണ് സംസ്ഥാന നേതാക്കൾ ഉയർത്തുന്നത്.
സഖ്യത്തിന്റെ ഭാഗമാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഇതിലൂടെ കോൺഗ്രസ് കൂടുതൽ ക്ഷയിക്കുമെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. വിഷയത്തിൽ അടുത്ത ആഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ജനുവരി 29ന് ഡൽഹിയിൽ നിശ്ചയിച്ചിരുന്ന യോഗം നേതാക്കളുടെ അസൗകര്യം കാരണം മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഭരണകക്ഷിക്കും ബിജെപിക്കുമെതിരെ കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് മൂന്നാം ബദൽ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതിലും അനിശ്ചിതത്വം തുടരുകയാണ്. മുൻകാല സഖ്യ പരീക്ഷണങ്ങൾ പരാജയമായ പശ്ചാത്തലത്തിൽ ഇത്തവണ സഖ്യമോ ഒറ്റ മത്സരമോ എന്ന വിഷയത്തിൽ പാർട്ടികളിൽ ഭിന്നത രൂക്ഷമാണ്.
