വയനാട് ദുരന്തബാധിതരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നും, 555 കുടുംബങ്ങളുടെ 1,620 വായ്പകളാണ് സർക്കാർ ഏറ്റെടുക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 18 കോടി 75 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചിരുന്നുവെങ്കിലും, അതിന് മുന്നിൽ കേരളം മുട്ടുമടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 10 ലക്ഷം രൂപയ്ക്ക് മുകളിലും താഴെയുമുള്ള വായ്പകൾ സർക്കാർ ഏറ്റെടുക്കും. ആറു മേഖലകളിൽ ഉൾപ്പെടുന്ന ദുരന്തബാധിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ബാങ്ക് നേരത്തെ എഴുതിത്തള്ളിയ തുകയ്ക്ക് പുറമേയായാണ് ഈ സഹായമെന്നും മന്ത്രി പറഞ്ഞു.
ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് കണ്ടെത്തുന്നത്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് പലതവണ അപേക്ഷിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, ഇത് ചൂരൽമലയിലെ ദുരന്തബാധിതരോടുള്ള ക്രൂരവും അനാസ്ഥാപരവുമായ സമീപനമാണെന്നും മന്ത്രി വിമർശിച്ചു. മുൻപ് ഇത്തരം നടപടി കൈക്കൊള്ളാൻ സാധിക്കാതിരുന്നത് നിയമപരമായ നടപടികൾ പുരോഗമിച്ചിരുന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
