വന്ദേമാതരം രാജ്യസ്നേഹികളുടെ മന്ത്രമായിരുന്നുവെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് ദേശസ്നേഹത്തിന് ഊർജം പകർന്ന ഈ ഗാനത്തിന്റെ വാർഷികാഘോഷം എല്ലാ സ്ഥലങ്ങളിലും സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഭാരതത്തെ “വന്ദേഭാരതം” വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുകുളന്മാരും പിന്നീട് ബ്രിട്ടീഷുകാരും ഇന്ത്യയിൽ കടന്നുകയറിയതോടെ രാജ്യത്തിന്റെ വളർച്ചക്ക് തിരിച്ചടിയുണ്ടായി. ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുമ്പോൾ ലോക ജിഡിപിയിലെ മൂന്നിൽ ഒരുഭാഗം ഭാരതത്തിന്റെ സംഭാവനയായിരുന്നു. അന്നത്തെ കാലത്ത് വടക്കേ ഇന്ത്യയിൽ 90 ശതമാനവും ദക്ഷിണേന്ത്യയിൽ 100 ശതമാനവും സാക്ഷരതയുണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർത്തതോടെ രാജ്യം പിന്നോട്ടുപോയി.
വികസിത ഭാരതം സാക്ഷാത്കരിക്കണമെങ്കിൽ ശക്തമായ രാജ്യസ്നേഹമാണ് ആവശ്യമായത്. “വികസിത ഭാരതത്തിനായി നമ്മൾ എന്താണ് ചെയ്തത്?” എന്ന ചോദ്യമാണ് ഓരോ പൗരനും സ്വയം ചോദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രൂപ വിദേശ രാജ്യങ്ങളിൽ പോലും സ്വീകരിക്കപ്പെടാൻ തുടങ്ങിയതും വികസിത ഭാരതമാകുന്നതിനുള്ള സൂചനയാണെന്നും അദ്ദേഹം വിലയിരുത്തി.
രാജ്യത്തിന്റെ പുരോഗതിക്കായി സ്വദേശി ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കൂവെന്ന് നാം തീരുമാനിക്കണമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ ആഹ്വാനം ചെയ്തു.
