ബലാത്സംഗക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ് വ്യക്തമാക്കി. സ്വന്തം മാനം കളഞ്ഞ എംഎൽഎയ്ക്ക് താൻ എവിടെ നിന്ന് മാനം എടുത്ത് കൊടുക്കുമെന്ന് ഷഹനാസ് ചോദിച്ചു. രാഹുൽ നൽകിയ പരാതിയെ നിയമപരമായി നേരിടുമെന്നും, തന്റെ വെല്ലുവിളി സ്വീകരിക്കാൻ കഴിയാത്തതിനാലാണ് കേസ് നൽകിയതെന്നും അവര്‍ ആരോപിച്ചു.
അടൂരിലെ വീട്ടിൽ എത്തി രാഹുലിന്റെ അമ്മയുടെ മുന്നിൽ ഫോൺ കാണിക്കാൻ തയ്യാറാണെന്നും, വെല്ലുവിളി വീണ്ടും ആവർത്തിക്കുന്നുവെന്നും ഷഹനാസ് പറഞ്ഞു. ഗൂഢാലോചന അടക്കമുള്ള ആരോപണങ്ങളിൽ ഒരു തരിമ്പ് പോലും പേടിയില്ലെന്നും അവര്‍ വ്യക്തമാക്കി.
രാഹുലുമായി തനിക്ക് സൗഹൃദമില്ലെന്നും, ഒരിക്കലും ഒരുമിച്ച് സെൽഫി എടുത്തിട്ടില്ലെന്നും ഷഹനാസ് പറഞ്ഞു. പരസ്യ സംവാദത്തിന് തയ്യാറാണെന്നും, രാഹുലിന് ധൈര്യമുണ്ടെങ്കിൽ തന്റെ മുന്നിൽ ഇരുന്ന് സംസാരിക്കണമെന്നും, അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് പോലും സംസാരിക്കാൻ താൻ തയ്യാറാണെന്നും ഷഹനാസ് പറഞ്ഞു.
